Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
1 Kings 11
11 / 22
1
ശലോമോൻരാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
2
നിങ്ങൾക്കു അവരോടു കൂടിക്കലൎച്ച അരുതു; അവൎക്കു നിങ്ങളോടും കൂടിക്കലൎച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേൎന്നിരുന്നു.
3
അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാൎയ്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
4
എങ്ങനെയെന്നാൽ ശലോമോൻ വയോധികനായപ്പോൾ ഭാൎയ്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
5
ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും ചെന്നു സേവിച്ചു
6
തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂൎണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
7
അന്നു ശലോമോൻ യെരൂശലേമിന്നു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു.
8
തങ്ങളുടെ ദേവന്മാൎക്കു ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാൎയ്യമാൎക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.
9
തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാൎയ്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും
10
യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
11
യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാൽ: എന്റെ നിയമവും ഞാൻ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ടു ഞാൻ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.
12
എങ്കിലും നിന്റെ അപ്പനായ ദാവീദിൻനിമിത്തം ഞാൻ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്നു അതിനെ പറിച്ചുകളയും.
13
എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിൻനിമിത്തവും ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന്നു കൊടുക്കും.
14
യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോംരാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.
15
ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‌വാൻ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോൾ-
16
എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാൎത്തിരുന്നു-
17
ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഓടിപ്പോയി; ഹദദ് അന്നു പൈതൽ ആയിരുന്നു.
18
അവർ മിദ്യാനിൽനിന്നു പുറപ്പെട്ടു പാറാനിൽ എത്തി; പാറാനിൽനിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; അവൻ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
19
ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവൻ തന്റെ ഭാൎയ്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാൎയ്യയായി കൊടുത്തു.
20
തഹ്പെനേസിന്റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയിൽ വളൎത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.
21
ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോടു: ഞാൻ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.
22
ഫറവോൻ അവനോടു: നീ സ്വദേശത്തേക്കു പോകുവാൻ താല്പൎയ്യപ്പെടേണ്ടതിന്നു എന്റെ അടുക്കൽ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവൻ: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.
23
ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ടു ഓടിപ്പോയിരുന്നു.
24
ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീൎന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാൎത്തു ദമ്മേശെക്കിൽ വാണു.
25
ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്തു അരാമിൽ രാജാവായി വാണു.
26
സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
27
അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീൎത്തു.
28
എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൌവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫുഗൃഹത്തിന്റെ കാൎയ്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
29
ആ കാലത്തു ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ചു അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.
30
അഹിയാവു താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി:
31
യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ: പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
32
എന്നാൽ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ എല്ലായിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരംനിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.
33
അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്ക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‌വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.
34
എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കയ്യിൽനിന്നു എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.
35
എങ്കിലും അവന്റെ മകന്റെ കയ്യിൽനിന്നു ഞാൻ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.
36
എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.
37
നീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ എടുത്തിരിക്കുന്നു.
38
ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളിൽ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.
39
ദാവീദിന്റെ സന്തതിയെയോ ഞാൻ ഇതുനിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
40
അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റു മിസ്രയീമിൽ ശീശക്ക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.
41
ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
42
ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
43
ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books